2021, ജൂൺ 27, ഞായറാഴ്‌ച


(അയൽവാസിയും സഹോദരതുല്ല്യനുമായ പ്രിയപ്പെട്ട അലി, (36 വയസ്സ്  23.02.2021-ന് രാത്രി, ഹൃദയസ്തംഭനം മൂലം വിടപറഞ്ഞു. ദൈവം തമ്പുരാൻ അലിക്ക് പാപമോചനവും അനുഗ്രഹവും ചൊരിയട്ടെ!)

 



 

 

 

 

 

'അലി'യൊലികൾ:

നാടിൻ നടുവിലെ
അരയാലിലുമത്താണിയിലും
ചാരെ വായനശാലയിലും...

മുതലക്കുളത്തിലും
മീൻകുളത്തിലും
തോട്ടത്തിലെ കവുങ്ങിലും-
തെങ്ങിലും നാട് നീളെയും
മനങ്ങൾ നിറയെയും
ഏങ്ങലടിക്കുന്നത്,
'
അലി'യെന്നലയൊലികൾ...

നാടിന്റെചുമരുകളിൽ
നയന മനോഹരങ്ങളായി
നീ ചായം പിടിപ്പിക്കുമ്പോൾ
നാട്ടാരുടെ ഹൃദയഭിത്തികളിലും
നിറങ്ങളെപ്പടർത്താൻ
നിനക്ക് കഴിഞ്ഞിരുന്നതിൻ
നിജമെന്തായിരുന്നു ?

മൂന്ന് നിറവ്യാഴവട്ടങ്ങൾ
മുന്നൂറാക്കി നീ ആടിത്തീർത്തത്
ഇത്ര തിടുക്കത്തിൽ യാത്രയാകാനായിരുന്നുവോ!

ഓർമ്മകളിൽ നിന്ന് മറയില്ല..,
ചാരത്തണയുമ്പോൾ
പൂവിതളുകളെയടർത്തും പോൽ
മൃദുവായി നീ മൊഴിയുന്നത്...


നിലാവ് പൊഴിക്കുന്ന
മന്ദഹാസത്തിന് മുന്നിൽ
നിറസ്നേഹത്തിൻ കമ്പനങ്ങൾ
ഹൃത്തിൽ നിന്നും ഹൃത്തിലേക്ക്
നീ പ്രസരിപ്പിക്കുന്നത്...


ആർദ്രത, പക്വത, എളിമ...
ആത്മാർത്ഥത, സത്യസന്ധത...
ഇനി, നിഘണ്ടുവിലേതൊക്കെ
പദങ്ങൾക്കൊപ്പമാണ്
നിന്നെ ഞങ്ങൾ തിരയുക!


ബീവിയുമരുമമകനുമൊപ്പ-
മവസാനമത്താഴവും കഴിഞ്ഞുള്ള വേളയിൽ...
സമയമായെന്നും പുറപ്പെടാമെന്നും
അസ്റാഈൽ മാലാഖ*
നിൻ നെഞ്ചകത്തിരുന്ന്
ധൃതി വെച്ച നോവിൽ...

ഷെരീഫിന്റെ മുച്ചക്ര വാഹനം
നിന്നെ "വൈശാഖി"** ലെത്തിച്ചെങ്കിലും
വഴിയിൽ നിന്റെ റൂഹിനെ***
വെണ്ണയിൽ നിന്ന്
നൂലെന്ന പോലടർത്തിമാറ്റി
പട്ടിൽ പൊതിഞ്ഞ്
ആരവത്തോടെ മാലാഖമാരവർ  
ആലമുൽ അർവാഹിലേക്ക്****
ആവാഹിച്ചിരുന്നു...

മിന്നിമറയുമൊരുൽക്കപോൽ
അപ്രത്യക്ഷമായി നീ...

കർമ്മനിരതയ്ക്കും
നിശ്ചലതക്കുമിടയ്ക്ക്
നീ വിട്ടേച്ചു പോയത്
പത്ത് കേവല നിമിഷങ്ങൾ മാത്രം!


നാട്ടിലെ നൂറ്ചുമരുകളിൽ
നീ തേച്ചിട്ടചായങ്ങൾ ഒളിമങ്ങിയാലും...

പ്രിയനേ...
നീ തുന്നിച്ചേർത്ത വർണ്ണച്ചാർത്തുകൾ
മാനത്തും മനങ്ങളിലും
മായുന്നതെങ്ങനെ..!

           

 -----------------------------------------------------

*അസ്റാഈൽ   :മരമരണമെടുക്കാനെത്തുന്ന മാലാഖ

**വൈശാഖ്       :ആസ്പത്രിയുടെ പേര്

***റൂഹ്              :ആത്മാവ്

****ആലമുൽ അർവാഹ്‌ :ആത്മാവുകൾ ചേക്കേറുന്നിടം  

------------------------------------------------------- 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കവിത: ഈനാംപേച്ചിയും മരപ്പട്ടിയും:

                കവിത : ഈനാംപേച്ചിയും മരപ്പട്ടിയും : ചീഞ്ഞവിത്തെറിഞ്ഞതങ്ങ് ചൈനയിലാണ് ! വുഹാനിലെ മാംസച്ചന്തയിൽ നിന്ന്   ലാവയായി പൊട...