2021, ജൂൺ 25, വെള്ളിയാഴ്‌ച

കവിത: ട്രാഫിക് ജാം:

 ( 23. 06.2021-ന് മനോരമയിൽ പ്രസിദ്ധീകരിച്ചത് )



 

 

 

 

 

 

കടൽ കടന്നെത്തിയ
കുടൽ മോഹങ്ങൾ
കടലോളം മുങ്ങിയിട്ടും
കിട്ടാ മുത്തുകളായി...
നേർ ചിത്രങ്ങൾ
ഡമോക്ലസിൻ വാളായി
മുമ്പിൽതൂങ്ങിയാടി..


ഭാവനയിൽ കൊരുത്ത
നാളെയുടെ നിറക്കാഴ്ച്ചകൾ
നിറമില്ലാ കാൻവാസായി...

ഒറ്റക്കിങ്ങനെവയ്യ...
നാൽപ്പതാണ്ടിലെ
നാലെണ്ണത്തിൽ പോലും
നിങ്ങളെയെനിക്ക് കിട്ടിയിട്ടില്ല...
മതിയിനി...
ഉള്ള ഉപ്പുംകഞ്ഞീംകൂട്ടി
നമുക്ക് കഴിയാമെന്ന-
ഒരു തേങ്ങലിൻ
മേമ്പൊടിയോടെയുള്ള
കുയിലാളം കേൾക്കാൻ
കൊതിച്ചു നടന്നത്,


അയൽപക്കത്തിറക്കിയെടുത്ത
പുത്തനടുക്കളപ്പോരിശകൾ
പിരിശത്തിൽ പെയ്തതിനിടക്ക്,
അയാളുടെ മെമ്മറിയിൽനിന്ന്
ഡെലീറ്റായിപ്പോയി...

പന്ത്രണ്ട്പത്തിൻ്റടുക്കള
ജെസിബി തുമ്പിക്കൈനീട്ടി
അയാളുടെ നെഞ്ചിൻ പലകയിലേക്ക്
ഉന്തിത്തള്ളിയിട്ടത്
ഇപ്പോഴും അവിടെത്തന്നെ
കനമായിക്കിടക്കുന്നു...

മകളുടെ പത്ത് വയസ്സ്
'ദാന്ന് പറയുമ്പഴേക്കും
പുര നിറഞ്ഞ് കവിയു'മെന്ന്
പുട്ടിന് തേങ്ങ പോലെ കേട്ടത്
അയാളുടെ കർണ്ണ പടത്തിൽ
ഓട്ടവീഴ്ത്തി...

ടാറ്റ നിർത്തലാക്കിയ പഴഞ്ചൻ                                                                                       മോഡൽ കാറൊന്നയാളുടെ
മുറ്റത്ത് നോക്കുകുത്തിയായ്
കിടന്നു തുരുമ്പെടുത്തു...


പഴയ ഇരുമ്പ് സാധനങ്ങളെടുക്കുന്ന
അണ്ണാച്ചി ആദ്യമായ്
മാസത്തിൽ രണ്ട് വട്ടം
ഊരിൽ പോയി വന്നു..

ബാങ്ക് മാനേജർ കഴിഞ്ഞാഴ്ച്ച
മുഖാവരണമിട്ട് മുറ്റത്തെത്തി...
മൂന്നാം നാൾ മൊഞ്ചുള്ള
മെറൂൺ കളർ ഇന്നോവ
പുത്തൻ കട്ട വിരിച്ച മുറ്റത്ത്
തലയുയർത്തി നില്ക്കുന്നത്
പത്തു വയസ്സുകാരി മകൾ 

വീഡിയോകോളിലയാൾക്ക്
കാണിച്ചു കൊടുത്തു...

രാസവളമിട്ട പച്ചക്കറികൾ
കാൻസറുവരുത്തുമെന്ന്
കണാരൻ ഡോക്ടർ പറഞ്ഞത്രെ!


അയൽവാസി
മുത്തുക്കോയയുടെ സ്ഥലം
സെൻ്റൊന്നിന് മൂന്ന് ലക്ഷംവെച്ച്
ലാട്ടിന്കിട്ടിയത് മഹാഭാഗ്യമായി!

പാസ്സ്പോർട്ടിൽ
അഡീഷണൽ ഷീറ്റ് ചേർക്കാൻ
പ്രൊസീജർ ചോദിക്കുമ്പോൾ
ആളുകൾ അറിയില്ലായെന്ന്
പറയുന്നതയാളിൽ
വല്ലാത്ത അലോസരമുണ്ടാക്കി...!

------- 


https://www.manoramaonline.com/global-malayali/my-creatives/2021/06/22/poen-traffic-jam.html 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കവിത: ഈനാംപേച്ചിയും മരപ്പട്ടിയും:

                കവിത : ഈനാംപേച്ചിയും മരപ്പട്ടിയും : ചീഞ്ഞവിത്തെറിഞ്ഞതങ്ങ് ചൈനയിലാണ് ! വുഹാനിലെ മാംസച്ചന്തയിൽ നിന്ന്   ലാവയായി പൊട...